District News
പേരൂര്‍ക്കട: കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍നിന്നു കാണാതായെ 14-കാരിയെ ഹൈദരാബാദില്‍നിന്നു പോലീസ് കണ്ടെത്തി. കരുമം സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍നിന്നു കാണാതായത്. ടൂറിനു പോകണമെന്നു പറഞ്ഞപ്പോള്‍ വിസമ്മതിച്ചതാണു കുട്ടി വീടുവിട്ടുപോകാന്‍ കാരണമെന്നാണു രക്ഷിതാക്കള്‍ പറയുന്നത്.
വീട്ടില്‍നിന്നിറങ്ങി ഓട്ടോയില്‍ക്കയറി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടി ഇവിടെനിന്നു രാവിലെയുള്ള പരശുറാം എക്സ്പ്രസില്‍ക്കയറി പോകുകയായിരുന്നു. പരാതിയെത്തുടര്‍ന്നു പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പെണ്‍കുട്ടി ഹൈദരാബാദില്‍ ട്രെയിനിറങ്ങി. ഇവിടെ കാച്ചിക്കുട എന്ന സ്ഥലത്ത് എത്തി ഒരു കടയില്‍ ജോലിക്കുകയറാനുള്ള ശ്രമത്തിലായിരുന്നു കുട്ടി. ഇതിനിടെ അന്വേഷണസംഘം സോഷ്യല്‍ മീഡിയവഴിയും മറ്റുവഴികളിലൂടെയും പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ കേന്ദ്രങ്ങളിലേക്കു കൈമാറിയിരുന്നു.
പെണ്‍കുട്ടി ജോലിക്കു കയറാന്‍നിന്ന കടയുടെ ഉടമ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിഞ്ഞതിനെത്തുടര്‍ന്നു പോലീസുമായി ബന്ധപ്പെട്ടു. ആ സമയം അന്വേഷണസംഘം കോയമ്പത്തൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് ആന്ധ്ര പോലീസിന്റെ സഹായത്തോടെ കാച്ചിക്കുടയിലെത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു സഹായകമായി.
കരമന എസ്ഐ ശ്രീജിത്ത്, സിപിഒമാരായ കിരണ്‍, അജികുമാര്‍, ശരത്ത് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് എത്തിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Kerala
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
Kerala
കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്.
കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞിരുന്നു.
Kerala
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. ഈ വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റീസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി 2013 ഏപ്രിൽ 29നാണ് മരിച്ചത്. പെൺകുട്ടിയുടെ പത്തുവയസുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുൻതൂക്കം നൽകിയത്. പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റി.
ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിച്ചു എന്ന കുറ്റമാണ് പ്രതികൾക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവച്ചാൽ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി.
Kerala
കോഴിക്കോട്: താമരശേരിയിലെ ഒന്‍പതുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് അമ്മ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും അവർ പറഞ്ഞു.
നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പ്രാഥമിക ചികിത്സ പോലും കൃത്യമായി നല്‍കിയില്ല. തലേന്ന് വരെ ആരോഗ്യവതിയായിരുന്ന മകളാണ് അടുത്ത ദിവസം മരിക്കുന്നത്. അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.
അനയയുടെ മരണം ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയുടെ സങ്കീര്‍ണതകള്‍ കാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചത്.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.